എമ്പുരാന്‍ ഇംപാക്ട്? ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്; ഫെമ നിയമം ലംഘിച്ച് ചിട്ടി പ്രവര്‍ത്തിച്ചെന്ന് പരാതി

ചെന്നൈ: മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്റെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ ഡി റെയ്ഡ്. ഗോപാലിന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന പരാതിയിലാണ് നടപടി.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.

കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇഡിക്ക് അന്ന് ലഭിച്ച പരാതി. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്. എമ്പുരാനെതിരെ സംഘപരിവാര്‍ രംഗത്തുവന്നപ്പോള്‍ സിനിമയുടെ റീ എഡിറ്റെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത് ഗോകുലം ഗോപാലനായിരുന്നെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.