തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയനെ അറസ്റ്റ് ചെയ്‌തേക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വീണ അടക്കമുള്ളവര്‍ക്ക് ഉടന്‍ എസ്എഫ്‌ഐഒ സമന്‍സ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാന്‍ വീണയടക്കമുള്ള പ്രതികള്‍ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവും ആര്‍ഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്‌ഐഒയും മുഖ്യമന്ത്രിയുടെ മകള്‍ക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു.
കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്‌ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുമ്പാകെ സമര്‍പ്പിച്ച്, പ്രോസിക്യൂഷന്‍ അനുമതിക്കായി കാത്തിരുന്നു. തുടര്‍നടപടികള്‍ക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷന്‍ നടപടികള്‍ എസ്എഫ്‌ഐഒ വേഗത്തിലാക്കി.
കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാല്‍ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍, എസ്എഫ്‌ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിര്‍ണ്ണായകം. നേരത്തെ 1.72 കോടി രൂപയായിരുന്നു എക്‌സാലോജിക്ക് സിഎംആര്‍എല്‍ കേസിലെ ഇടപാട് തുകയെങ്കില്‍, എസ്എഫ്‌ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആര്‍എല്ലും മറുപടി നല്‍കണം.
സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തില്‍ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അതും പൊളിയുകയാണ്. നല്‍കിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് ആവര്‍ത്തിച്ചിരുന്ന വീണയ്ക്ക് എസ്എഫ്‌ഐഒ അന്വേഷണത്തിലും തെളിവൊന്നും ഹാജരാക്കാനായില്ല. സിഎംആര്‍എല്ലിനെ കാത്തിരിക്കുന്നത് അതിലും വലിയ കുരുക്കാണ്. സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും, സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം. കമ്പനികാര്യ ചട്ടം 447 പ്രകാരം, കോടതിയില്‍ ഇത് തെളിയിക്കാനായാല്‍, മൂന്നിരട്ടി പിഴ വരെ ചുമത്താം.