വഖഫ് ഭേദഗതി മുനമ്പം ജനതക്ക് ഗുണകരമാകുമെന്ന് സീറോ മലബാര്‍ സഭ; കേന്ദ്രസര്‍ക്കാര്‍ നിലപാട് കൃത്യതയോടെ; ബില്‍ ഇന്ന് രാജ്യ സഭയില്‍

കൊച്ചി: ലോക്‌സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് സിറോ മലബാര്‍ സഭയുടെ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനോ മുസ്ലിം സമുദായത്തിനോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ കക്ഷിക്കും പിന്തുണയില്ലെന്നും സഭാ വക്താവ് പറഞ്ഞു.

മുനമ്പം ജനതയ്ക്ക് സിറോ മലബാര്‍ സഭ അഭിവാദ്യം അര്‍പ്പിക്കുന്നുവെന്ന് ആന്റണി വടക്കേക്കര പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി. ജനപ്രതിനിധികള്‍ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃതതയോടെ നിലപാട് എടുത്തു. കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കടന്ന് കയറ്റം ഉണ്ടാകരുത്. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലിം സമുദായത്തിനും എതിരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് 232നെതിരെ 288 വോട്ടോടുകൂടി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബില്‍ പാസായത്. ബില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം രാജ്യസഭയിലും അവതരിപ്പിക്കും.

© 2025 Live Kerala News. All Rights Reserved.