കൊച്ചി: ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളീ ഗോപിക്കെതിരെ പടൊയരുക്കം ശക്തമാക്കി സംഘപരിവാര്‍. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഖേദപ്രകടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടുപോലും മുരളീഗോപി പ്രതികരിക്കാത്തതാണ് സംഘപരിവാറിനെ വലയ്ക്കുന്നത്. സംഘപരിവാര്‍ കുടുംബത്തില്‍ ജനിച്ചതിനാല്‍ ആദ്യമൊന്നും മുരളീഗോപിക്കെതിരെ സംഘപരിവാര്‍ കാര്യമായി പ്രതികരിച്ചില്ലായിരുന്നു. പൃഥ്വിരാജിനെയായിരുന്നു പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാല്‍ നിലപാടില്‍ മുരളി ഉറച്ചുനിന്നതോടെയാണ് സംഘപരിവാറിന് ഹാലിളകിയത്.
അതേസമയം വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. സംഘപരിവാര്‍ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ് രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്റെ പേര് ബല്‍ദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വര്‍ഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും വെട്ടി.
ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളില്‍ എത്തിയത്. ഇനി മുതല്‍ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തല്‍ ആവശ്യപ്പെട്ടതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിശദീകരിച്ചത്. സംഘപരിവാറിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യപ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എമ്പുരാന്റെ കളക്ഷന്‍ 200 കോടി കവിഞ്ഞു.