ക്രൂരമായ ബലാത്സംഘ സീനുണ്ടാകില്ല; ബജ്‌റംഗിയുടെ പേര് മാറ്റി; ദേശീയ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ ദുരൂപയോഗം ചെയ്യുന്നെന്ന പരാമര്‍ശം ഒഴിവാക്കി; റീ എഡിറ്റഡ് എമ്പുരാന്‍ തിയറ്ററുകളിലേക്ക്

കൊച്ചി: സംഘപരിവാര്‍ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എമ്പുരാന്‍ റീ എഡിറ്റഡ് വേര്‍ഷന്‍ പ്രദര്‍ശനത്തിന്റ കാര്യത്തില്‍ തീരുമാനമായില്ല. ഇന്നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റിയാണ് റി എഡിറ്റിംഗ്.

റീ എഡിറ്റിംഗ് നടത്തിയിട്ടുണ്ട് എങ്കിലും ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ വീണ്ടും എഡിറ്റ് ചെയ്യാം എന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ് എന്ന് മോഹന്‍ലാല്‍ പറയുമ്പോഴും സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു.

‘എമ്പുരാന്‍’ സിനിമ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരം നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പിന്തുണയ്ക്കുകയും ചെയതെങ്കിലും ചിത്രത്തിന്റെ രചയിതാവ് മുരളീഗോപി പ്രതികരിച്ചിട്ടില്ല. ചിത്രം റീ എഡിറ്റ് ചെയ്യുന്നതിനോട് മുരളീഗോപിക്ക് താല്‍പര്യമില്ലെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.