കൊച്ചി: ആഘോഷത്തോടെ എമ്പുരാനെത്തി. ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. രാവിലെ ആറിന് ആദ്യ ഷോ കാണാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. 750ല്‍ ഏറെ സ്‌ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തി. കനത്ത സുരക്ഷയാണ് പൊലീസ് തിയേറ്ററുകള്‍ക്ക് മുന്നില്‍ ഒരുക്കിയിട്ടുള്ളത്.
ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്‌പെന്‍സ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളവരുടെ ആവേശം തല്ലികെടുത്തുന്ന രീതിയില്‍ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകര്‍ പറയുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ എമ്പുരാന്‍ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. മലയാള സിനിമാചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. ആഘോഷത്തോടെയാണ് കേരളക്കര എമ്പുരാനെ വരവേറ്റത്.