ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; പി എം മനോജിന്റെ സഹോദരനും ടി പി പ്രതിക്കും ശിക്ഷ

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ മുഴുപ്പിലങ്ങാട് സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.11ാം പ്രതിക്ക് 3 വര്‍ഷം തടവ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് മുതല്‍ ആറ് വരെ പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴ് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കം 8 പ്രതികള്‍ക്കാണ് ജീവപര്യന്തം. 11ാം പ്രതി പ്രദീപനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് വിധിച്ചു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി ടി കെ രജീഷ്, മൂന്നാം പ്രതി എന്‍ വി യോഗേഷ്, നാലാം പ്രതി കെ ഷംജിത്ത്, അഞ്ചാം പ്രതി മനോരാജ് നാരായണന്‍, അറാം പ്രതി സജീവന്‍, ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴാം പ്രതി പ്രഭാകരന്‍, എട്ടാം പ്രതി പത്മനാഭന്‍, ഒമ്പതാം പ്രതി രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. കേസിലെ 11ാം പ്രതി പ്രദീപന് 3 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കേസിലെ 12 പ്രതികളില്‍ ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടിരുന്നു കേസിലെ മറ്റ് രണ്ടു പ്രതികള്‍ വിചാരണവേളയില്‍ മരിച്ചിരുന്നു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ നിരപരാധികളാണെന്ന് കഴിഞ്ഞ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെ മനപൂര്‍വ്വം പ്രതി ചേര്‍ത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാല്‍ അപ്പീല്‍ നല്‍കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എല്ലാവരും നിരപരാധികള്‍ ആണെന്നാണ് പാര്‍ട്ടി നിലപാട് എന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു.

2005 ഒക്ടോബര്‍ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎം പ്രവര്‍ത്തകനായിരുന്ന സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ നിന്നായിരുന്നു പൊലീസ് അന്വേഷണം.

© 2025 Live Kerala News. All Rights Reserved.