ഇസ്‌ലാമാബാദ്: ട്രയിന്‍ റാഞ്ചലിന്റെ നടുക്കത്തില്‍ നിന്ന് മോചനമാകുന്നതിന് മുമ്പ് പാകിസ്ഥാനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ നൗഷ്‌കിയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക പൊലീസ് മേധാവി സഫര്‍ സമാനാനി പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തില്‍ ഏഴ് ബസുകളുണ്ടായിരുന്നു. നൗഷ്‌കില്‍ വെച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ സൈനിക വ്യൂഹത്തില്‍ വന്നിടിക്കുകയായിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിന്‍ ഹൈജാക്ക് ചെയ്ത നിരോധിത ബിഎല്‍എയുടെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെയും.