ആലപ്പുഴ: ഏറ്റുമാനൂരില്‍ ഷൈനിയും രണ്ട് മക്കളും ട്രയിനിന് മുന്നില്‍ ചാടി മരിച്ചതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് തകഴിയില്‍ നിന്നും സമാനമയൊരു ദുരന്തവാര്‍ത്ത. തകഴിയില്‍ അമ്മയെയു മകളെയുമാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.
ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.