പാകിസ്ഥാനില്‍ ബന്ദിയാക്കിയ ട്രയിന്‍ യാത്രക്കാരെ മോചിപ്പിച്ചു; 33 ചാവേറുകളെ വധിച്ചു; 21 യാത്രക്കാരും നാല് സൈനികരും കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍; 50 യാത്രക്കാരെ കൊന്നെന്ന് വിഘടനവാദികള്‍

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സായുധ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മോചിപ്പിച്ചെന്ന് സൈന്യം അവകാശപ്പെട്ടു. ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവെച്ചുകെട്ടി നിലയുറപ്പിച്ചിരുന്ന 33 ചാവേറുകളെ വധിച്ചു. വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷനില്‍ 346 ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയും 33 ബിഎല്‍എ വിഘടനവാദികളെ വധിക്കുകയും ചെയ്തതായി പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. റാഞ്ചല്‍ സംഭവത്തില്‍ 21 യാത്രക്കാരും 4 സൈനികരും കൊല്ലപ്പെട്ടെന്നും പാക്ക് സൈന്യം അറിയിച്ചു. അതേസമയം 50 യാത്രക്കാരെ വധിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു.

റാഞ്ചല്‍ സംഭവമുണ്ടായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസ് ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. പാക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും വിട്ടയയ്ക്കണമെന്നായിരുന്നു ബിഎല്‍എ ആവശ്യപ്പെട്ടിരുന്നത്.

© 2025 Live Kerala News. All Rights Reserved.