ന്യൂഡല്‍ഹി: ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി കേന്ദ്ര മന്ത്രി ജെ പി നഡ്ഡ. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം ഇതുവരെയും നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന് ഈ വകയില്‍ നയാപൈസ ഇനി കൊടുക്കാനില്ല. എന്നാല്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല. ആശാപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
അതേസമയം കേരളത്തിലെ ആശാ പ്രവര്‍ത്തകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.