കൊച്ചി: കേരള ഭാഗ്യക്കുറി ലോട്ടറി നറുക്കെടുപ്പില്‍ ഏറ്റവും വലിയ ഭാഗ്യവാനായിരിക്കുന്നത് പിണറായി സര്‍ക്കാര്‍. 2021 മുതല്‍ 2024 വരെയുള്ള കണക്കനുസരിച്ച് മാത്രം സര്‍ക്കാറിന് ലഭിച്ചത്. 2781 കോടി രൂപയാണ്. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ കോടികളുടെ ലാഭമാണ് സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. കൂടാതെ ഭാഗ്യക്കുറി വില്‍പ്പനയുടെ നികുതിയായി ഇതേ കാലയളവില്‍ 2024 ഡിസംബര്‍ 31 വരെ 11,518.68 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിലവില്‍ വില്‍ക്കുന്നത് ഏഴ് പ്രതിവാര ഭാഗ്യക്കുറികളും ആറ് ബംബര്‍ ഭാഗ്യക്കുറികളുമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 2024 ഡിസംബര്‍ 31 വരെ 41,138.15 കോടി രൂപയുടെ ഭാഗ്യക്കുറിയാണ് വിറ്റത്. വിവരാവകാശ പ്രവര്‍ത്തകനായ എം കെ ഹരിദാസിന് ലോട്ടറി വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
എന്നാല്‍, ക്ലെയിം ചെയ്യാത്ത ടിക്കറ്റിന്റേതായി എത്ര തുക സര്‍ക്കാരിലേക്ക് കിട്ടിയെന്നത് ക്രോഡീകരിച്ചിട്ടില്ലെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു. കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ ലോട്ടറിയും മദ്യവും തന്നെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അതായത് സാധാരണക്കാരാണ് കേരള സര്‍ക്കാറിന് കൈത്താങ്ങ് നല്‍കുന്നതെന്ന് ചുരുക്കം.