കോട്ടയം: മുസ്ലിം സമുദായത്തെ ലക്ഷ്യംവച്ചുള്ള പി സി ജോര്‍ജ്ജിന്റെ പ്രകോപനപരമായ പരാമര്‍ശം തുടരുമ്പോള്‍ പരാതികളും വര്‍ധിക്കുന്നു.
ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ പൊലീസ് നടപടി തുടങ്ങിക്കഴിഞ്ഞു. യൂത്ത് ലീഗിന് പുറമേ ദിശ സംഘടനയും പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശം നടത്തുന്ന വീഡിയോ യൂട്യൂബ് ലിങ്ക് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വര്‍ഗീയ പരാമര്‍ശം നടത്തി കോടതി അലക്ഷ്യം നേരിടുന്ന ആളാണ് നിലവില്‍ പിസി ജോര്‍ജ്.
ലൗ ജിഹാദിന്റെ പേരില്‍ ഒരു കേസ് പോലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, പിസി ജോര്‍ജ് മനപ്പൂര്‍വ്വം കള്ളം പ്രചരിപ്പിക്കുന്നു എന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി കള്ളപ്രചരണത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും യുത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. നിലവില്‍ പി സി ജോര്‍ജ്ജിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. പൊലീസ് വേണ്ട നടപടി സ്വകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം.
ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
’22, 23 വയസാകുമ്പോള്‍ പെണ്‍കൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോര്‍ജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെണ്‍കൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നെ. ഇങ്ങനെ പോകുന്നു വര്‍ഗീയ പരാമര്‍ശങ്ങള്‍.