കാസര്‍കോട്: ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യം ചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കേസ് ഡയറിയുമായി ഹാജരാകണം. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ കോടതിയാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
മണ്ടേക്കാപ്പില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും മൃതദേഹം കണ്ടെത്തിയത് മൂന്നാഴ്ച്ചകള്‍ക്ക് ശേഷം.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ആത്മഹത്യയാണെങ്കിലും മൃതദേഹത്തിന് മൂന്നാഴ്ച്ച പഴക്കമുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.
പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപിനേയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പതിനഞ്ചുകാരിയെ യുവാവിനൊപ്പം കാണാതായി 26 ദിവസം പൊലീസ് എവിടെയായിരുന്നെന്നാണ് നാട്ടുകാരും ചോദിക്കുന്നത്.