കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കുന്നതിനിടെ പാര്‍ട്ടിയില്‍ പിണറായിസം തന്നെ ശക്തമായി പിടിമുറുക്കുന്നു. പിണറായിക്ക് അനഭിമതനായ പി ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റംഗമായി പരിഗണിച്ചില്ല. പ്രായപരിധി കണക്കിലെടുത്ത് സെക്രട്ടറിയേറ്റംഗമാകാന്‍ ഇനി പി ജയരാജന് കഴിയില്ല. നിലവില്‍ 72 വയസ്സാണ് ഇപ്പോള്‍ പിജെക്ക് പ്രായം. അടുത്ത സമ്മേളനമാകുമ്പോള്‍ പിജെക്ക് 75 വയസ്സാകും. 75 വയസ്സ് പ്രായപരിധിയായതിനാല്‍ പിജെ സെക്രട്ടറിയേറ്റില്‍ അടുത്തതവണയും ഉണ്ടാകില്ലന്ന് ചുരുക്കം. അങ്ങനെ പി ജയരാജനോട് കടക്കുപുറത്തെന്ന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പിണറായി വ്യക്തമാക്കിയിരിക്കുന്നു.
പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളായി കെ കെ ശൈലജ, എം വി ജയരാജന്‍, സി എന്‍ എന്നിവര്‍ ഇടംപിടിച്ചു. നിലവില്‍ പി ശശിയുടെ പേര് തന്നെയാണ് സജീവ പരിഗണനയിലുള്ളതായിരുന്നു. പക്ഷേ പരിഗണിച്ചില്ല. എം ബി രാജേഷിനും സെക്രട്ടറിയേറ്റില്‍ അവസരം ലഭിച്ചില്ല. അതേസമയം 80 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെയും പ്രസിഡന്റ് വി വസീഫിനെയും പരിഗണിച്ചു.
ആറ് പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള രാജു എബ്രഹാം മാത്രമാണ് നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിട്ടുള്ളത്. മറ്റ് അഞ്ച് പേര്‍ എം രാജഗോപാല്‍ (കാസര്‍കോട്), വി പി അനില്‍ (മലപ്പുറം), കെ റഫീഖ് (വയനാട്), കെ വി അബ്ദുള്‍ ഖാദര്‍ (തൃശൂര്‍), എം മെഹബൂബ് (കോഴിക്കോട്) എന്നിവരും സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. പിണറായിയുടെ വിശ്വസ്തനായ എം വി ഗോവിന്ദന്‍ തന്നെയാണ് വീണ്ടും സംസ്ഥാന സെക്രട്ടറി.