ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, കേരളത്തില്‍ നിന്നുള്ള എം എ ബേബി എന്നിവരുടെ പേരുകള്‍ പരിഗണനയില്‍. പ്രായപരിധിയില്‍ ഇളവു ലഭിച്ച മണിക് സര്‍ക്കാരിനെ ത്രിപുര സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് ഇത് മുന്നില്‍കണ്ടാണെന്നാണ് സൂചന. ഇക്കാര്യത്തെ കേരള, ബംഗാള്‍ ഘടകങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍ മണിക് സര്‍ക്കാരിന് പദവി ഏറ്റെടുക്കാന്‍ താത്പര്യമില്ല എന്നാണ് വിവരം. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയാമെന്ന നിലപാടിലാണ് അദ്ദേഹം.
അങ്ങനെയെങ്കില്‍ എം എ ബേബിക്കാണ് സാധ്യത കൂടുതല്‍. അശോക് ധാവ്‌ളെയുടെ പേരും പരിഗണനയിലുള്ളതായാണ് വിവരം. വൃന്ദ കാരാട്ടിന് ഇളവ് നല്‍കി ജനറല്‍ സെക്രട്ടറിയാക്കണമെന്ന വാദവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. എംബിബിഎസ് ഡോക്ടറായ ധാവ്‌ളെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പി ബി യിലേക്ക് വന്നതെങ്കിലും കിസാന്‍സഭയുടെ നേതാവെന്ന നിലയില്‍ സജീവമാണ്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ നിലവിലെ പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവര്‍ 75 വയസ് പിന്നിട്ടവരാണ്. മുഖ്യമന്ത്രിയായി തുടരുന്നതിനാല്‍ പിണറായി ഇത്തവണയും ഇളവുണ്ടാകും. മണിക്കും പിണറായിയും ഒഴികെ അഞ്ചുപേര്‍ ഒഴിഞ്ഞാല്‍ അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതടക്കം ആറ് ഒഴിവുകള്‍ പി ബിയില്‍ നികത്തപ്പെടേണ്ടതുണ്ട്.
കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക് 75 വയസ് പ്രായപരിധി നിശ്ചയിച്ചതില്‍ ഇത്തവണയും മാറ്റം വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ ത്രിപുര, ഉത്തര്‍ പ്രദേശിലും പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ സി പി സിങിനാണ് ഇളവ് നല്‍കിയിട്ടുളളത്. സംസ്ഥാന സമ്മേളനങ്ങള്‍ പൂര്‍ത്തിയായ ഇടങ്ങളില്‍ പ്രായപരിധി മാനദണ്ഡം പാലിച്ചിട്ടുണ്ട്. സംസ്ഥാന സമിതിയിലേക്കുളള പ്രായപരിധി മാനദണ്ഡം കേരളത്തിലും ത്രിപുരയിലും 75 വയസ് ആണ്. ചിലയിടങ്ങളില്‍ 72 ഉം 70 ഉം വയസ് ആണ് പ്രായപരിധി. എന്തായാലും മണിക് സര്‍ക്കാറിന് തന്നെയാണ് പ്രഥന പരിഗണന. പിന്നെ ഏറ്റവും സാധ്യതയുള്ളയാളെന്ന നിലയില്‍ എം എ ബേബിയാണ്. ബേബിയെ കേരളം പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പിണറായിയും കൂട്ടരും ബേബിയെ പി്ന്തുണക്കാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.