എംഎല്‍എമാര്‍ക്ക് രണ്ട് ടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം; പിണറായി വീണ്ടും മത്സരിക്കും; നിബന്ധനകളില്‍ മാറ്റം വരുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് രണ്ടുടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം നല്‍കാനൊരുങ്ങി സിപിഎം. രണ്ട് ടേമില്‍ കൂടുതല്‍ കൊടുക്കേണ്ടെന്ന നയം മാറ്റും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരരംഗത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ 25 എംഎല്‍എമാര്‍ മാറിനില്‍ക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പിണറായി വിജയന്‍ വീണ്ടും മത്സരിക്കും. ജയിച്ചാല്‍ പിണറായി തന്നെയാവും മുഖ്യമന്ത്രിയെന്നാണ് സൂചന. പി എ മുഹമദ് റിയാസിനും വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കും.

കേരളത്തില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് ശേഷം നിലവില്‍ വരുന്ന സംസ്ഥാന സമിതി ഈ വിഷയം ഗൗരവമായി പരിഗണിക്കും. രണ്ട് ടേം എന്ന നിബന്ധന മാറ്റി മൂന്ന് ടേം ആക്കുന്നതിനെക്കുറിച്ചാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ പിണറായി മന്ത്രിസഭയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കുന്ന നാല് മന്ത്രിമാരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വീണാ ജോര്‍ജ്ജ്, ഒ ആര്‍ കേളു എന്നിവര്‍ എംഎല്‍എ സ്ഥാനത്ത് രണ്ട് ടേം പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കും. മന്ത്രി സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് രണ്ട് ഊഴം ലഭിച്ചെങ്കിലും 2018ലെ ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സാങ്കേതികമായി എട്ട് വര്‍ഷം മാത്രമാണ് എംഎല്‍എ സ്ഥാനത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ടേം വ്യവസ്ഥ കര്‍ശനമാക്കിയാല്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനും മാറിനില്‍ക്കേണ്ടി വരും. സജി ചെറിയാന്‍ മാറി നില്‍ക്കുന്നത് ചെങ്ങന്നൂരിലെയും വി കെ പ്രശാന്ത് മാറി നില്‍ക്കുന്നത് വട്ടിയൂര്‍ക്കാവിലെയും സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം റിയാസ് ഒരു ടേം മാത്രമേ പൂര്‍ത്തിയാക്കുകയുള്ളു. നിലവിലെ നിബന്ധന റിയാസിനെ ബാധിക്കില്ലെങ്കിലും റിയാസും മുന്നണിയും ജയിച്ചാല്‍ വീണ്ടും മന്ത്രിയാകും.

© 2025 Live Kerala News. All Rights Reserved.