ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കിട്ടിയ അവസരം മുതലെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നല്‍കി. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കും. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഖര്‍ഗെയ്ക്ക് അയച്ച കത്തില്‍ മുല്ലപ്പളളി വ്യക്തമാക്കി.
പുതിയ കെപിസിസി അധ്യക്ഷന്‍ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കേരളത്തില്‍ സംഘടന ഇല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം. ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളെ പ്രത്യേകം കാണുമെന്നും വിവരമുണ്ട്. .അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. ‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കും. മാറ്റിയാല്‍ കുഴപ്പമില്ല. ഇതായിരുന്നു സുധാകരന്റെ പ്രതികരണം.
കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്‍, ഷാഫി പറമ്പില്‍,അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.