ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനങ്ങള്‍ നാളെ? വിജയിയുടെ പാര്‍ട്ടിയായ ടിവികെ സമ്മേളനം മഹാബലിപുരത്ത്; പ്രമുഖര്‍ പങ്കെടുക്കും

ചെന്നൈ: നടന്‍ വിജയയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാര്‍ഷിക സമ്മേളനം നാളെ മഹാബലിപുരത്ത് നടക്കും. രാഷ്ട്രതന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു.

പാര്‍ട്ടി സ്ഥാപകന്‍ വിജയിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴക വെട്രി കഴകത്തിന് ജനങ്ങള്‍ക്ക് ഇടയില്‍ ഗണ്യമായ രീതിയില്‍ വളര്‍ച്ച നേടാനായെന്നും ആനന്ദ് പറഞ്ഞു. പാര്‍ട്ടിയുടെ കാഴ്ചപ്പാടിലും പ്രത്യയശാസ്ത്രത്തിലും വിശ്വാസമുള്ളവരുടെ പിന്തുണയുണ്ട് പാര്‍ട്ടിക്കെന്ന് വിജയ് അവകാശപ്പെടുന്നു. വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ ടിവികെയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആനന്ദ് പറഞ്ഞു. എന്‍ടികെയുടെ വനിതാ വിഭാഗം നേതാവ് ബി കാളിയമ്മാള്‍ ഉള്‍പ്പടെ ടിവികെയുടെ ഭാഗമാകുമെന്നാണ് വിവരം.

2024 ഫെബ്രുവരി 2 നാണ് തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്തവര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് വില്ലുപുരത്ത് നടന്ന പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ വിജയ് രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു. അതേസമയം, ബിജെപിയുടെ സി ടീമാണ് ടിവികെയെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ദ്രാവിഡ സംസ്‌കാരത്തിലൂന്നിയേ ടിവികെ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.