മൊബൈല്‍ ഫോണില്‍ സംസാരിച്ച് അലക്ഷ്യമായ ഡ്രൈവിംഗ്; രണ്ട് ഡ്രൈവര്‍മാരും നിയമംലംഘിച്ചു; സ്വകാര്യ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

കൊച്ചി: കേരളത്തിലെ നിരത്തില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തുന്നത് സ്വകാര്യ ബസ്സുകളാണ്. അപകട മരണങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നതും സ്വകാര്യ ബസ്സുകളുടെ നിയമംലംഘിച്ചുള്ള മത്സരയോട്ടങ്ങളാണ്. എറണാകുളം നോര്‍ത്തില്‍ ഗതാഗത പരിശോധന നടത്തുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കണ്ട് എംവിഐമാര്‍ ബസ് തടഞ്ഞു. ബസില്‍ യാത്രക്കാരുണ്ടായിരുന്നതിനാല്‍ പിറ്റേന്ന് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ ആര്‍ടിഒ ഓഫീസിലേക്കു പോയപ്പോള്‍ പിറ്റേദിവസം പകരം വന്ന ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചപ്പോള്‍ പിടിയിലായി.

പിന്നെ ഒന്നും നോക്കിയില്ല. ബസ്സിന്റെ ഫിറ്റ്‌നസ് മോട്ടാര്‍ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂര്‍ ഫോര്‍ട്ട്‌കൊച്ചി ബസാണ് തുടരെ നിയമലംഘനം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ വിശദമായ പരിശോധന നടത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു.

ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവര്‍ ഏലൂര്‍ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി. ഇതേ കുറ്റത്തിനു പിറ്റേന്നു പിടിയിലായ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംസാരിച്ചതിനു തെളിവു ലഭിക്കാത്തതിനാല്‍ പിഴ ഈടാക്കാനായില്ല. ഡ്രൈവര്‍ ഫോണ്‍ ചെവിയുടെ ഭാഗത്തു വച്ചു ഡ്രൈവ് ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞെങ്കിലും കണക്ഷന്‍ കിട്ടാത്തതു കൊണ്ടാകാം ഡ്രൈവറുടെ കോള്‍ ലിസ്റ്റില്‍ വിവരം ലഭ്യമല്ലായിരുന്നു.

സ്വകാര്യ ബസ്സുകളില്‍ കാമറ സ്ഥാപിക്കണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് മത്സരപാച്ചില്‍. പൊലീസ് പലപ്പോഴും കാഴ്ച്ചക്കാരാണ്. കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായതിന് ശേഷമാണ് കാര്യമായ നടപടിയുണ്ടായിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.