ഉത്സവ ചടങ്ങുകളില്‍ ആനയുണ്ടാകില്ല; ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അമ്പലം; കുമരകം ശ്രീകുമാര മംഗലം ക്ഷേത്ര സമിതിയുടെ വിപ്ലവകരമായ തീരുമാനം

കോട്ടയം: ഉത്സവങ്ങളില്‍ ആന ഇടയുന്നത് നിത്യസംഭവമായതോടയാണ് കുമരകം ശ്രീകുമാര മംഗലം ക്ഷേത്രസമിതിയുടെ പുതിയ തീരുമാനം. ക്ഷേത്രത്തിലെ ഉത്സവ കാര്യങ്ങളില്‍ ആന വേണ്ടെന്ന് 25 അംഗ ദേവസ്വം സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

സമീപകാലങ്ങളിലെ ക്ഷേത്രോത്സവങ്ങളിലുണ്ടാവുന്ന അപകടകരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടെ തീരുമാനം. ആനകള്‍ ഇല്ലെങ്കിലും ഉത്സവം അതിന്റെ തനിമ നഷ്ടപ്പെടാതെ നടത്താന്‍ ശ്രമിക്കുമെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുന്നതിനാല്‍ സമീപ കാലത്ത് ആനകള്‍ ഇടയുന്നത് നിത്യസംഭവമായതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ണായക തീരുമാനം. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറാനുള്ള അനുമതി നല്‍കി ചരിത്രപരമായ തീരുമാനമെടുത്തതിന് പിന്നാലെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ആനകള്‍ വേണ്ടെന്ന വിപ്ലവകരമായ തീരുമാനത്തിലേക്ക് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ദേവസ്വം കമ്മിറ്റി എത്തിയത്.

മാര്‍ച്ചിലാണ് ക്ഷേത്രത്തിന്റെ 120ാം വര്‍ഷ ഉത്സവം. മാര്‍ച്ചില്‍ ചൂട് കൂടാനുള്ള സാധ്യതയുള്ളതിനാലും ഇത് അപകടങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതേസമയം ക്ഷേത്രത്തില്‍ ഉത്സവത്തിന് ആനയെ കൊണ്ടുവരുന്നില്ലെന്ന തീരുമാനത്തിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടന്‍ പറഞ്ഞു.ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പ്രമുഖ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ശ്രീകുമാരമംഗലം ക്ഷേത്രം.

സമീപകാലത്ത് കേരളത്തില്‍ ഉത്സവച്ചടങ്ങുകളില്‍ ആനയെ എഴുന്നള്ളിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. ഒരാഴ്ചക്കിടെ കോഴിക്കോട് കൊയിലാണ്ടിയില്‍ എഴുന്നള്ളത്തിനിടെ രണ്ട് ആനകള്‍ ഇടയുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തു. തൃശൂര്‍, പാലക്കാട് ജില്ലകളിലും ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനയിടഞ്ഞ സംഭവമുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.