കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വയനാട് പ്രവേശന കവാടത്തിനടുത്ത് ലക്കിടിയിലാണ് സംഘര്‍ഷമുണ്ടായത്. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് പ്രതിരോധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധിച്ചതോടെ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി സ്തംഭിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെയാണ് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ നഷ്ടമായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.
ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.