ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ചെന്താമരയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. കൂടെ കഴിയാന്‍ സഹ തടവുകാര്‍ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയില്‍ അധികൃതര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ആലത്തൂര്‍ കോടതി അംഗീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ചെന്താമരയെ കോടതി റിമാന്‍ഡ് ചെയ്തത്. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ഒരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതി കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ നിന്നത്. എന്തെങ്കിലും പരിക്കുകള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര പറഞ്ഞിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടത്. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളൂ എന്നും പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.