തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധിയില്‍ പ്രതികരണവുമായി മകന്‍ സനനന്ദന്‍. കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകന്‍ സനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. അത് കല്ലറ അല്ലെന്നും ഋഷി പീഡമാണെന്നും മകന്‍ പറഞ്ഞു. അച്ഛന്റെ സമാധി സ്ഥലം പൊളിക്കാന്‍ സമ്മതിക്കില്ല. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാന്‍ സമാധി സ്ഥലം പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്താം.
‘നാട്ടുകാര്‍ പരാതി നല്‍കിയത് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞിട്ടാണ്. അങ്ങനെയാണെങ്കില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് അതില്‍ ആളുണ്ടോയെന്ന് പരിശോധിക്കട്ടെ. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. അച്ഛന്‍ മുമ്പ് ചുമട്ടു തൊഴിലാളിയായിരുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പം വയലില്‍ പണിക്ക് പോയിരുന്നു. അങ്ങനെ എല്ലാ ജോലിയും ചെയ്തിരുന്നു. സമാധിയിരുത്തിയതും മറ്റു കാര്യങ്ങളും എല്ലാം ചെയ്തതും ഞങ്ങള്‍ തന്നെയാണ്. ഋഷി പീഡത്തിലാണ് അച്ഛന്‍ ഇരുന്നത്. അതിന്റെ മുകള്‍ ഭാഗം കെട്ടാന്‍ മാത്രമാണ് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നത്’, മകന്‍ പറഞ്ഞു.
പത്മാസനത്തിലാണ് അച്ഛന്‍ ഇരുന്നത്. മൂക്കില്‍ കൈവെച്ചപ്പോള്‍ ശ്വാസമുണ്ടായിരുന്നില്ല. വയറിന് അനക്കമായിരുന്നില്ല. ഒരുപാട് തവണ വിളിച്ചുനോക്കിയിരുന്നു. അത് സത്യമുള്ള കാര്യമാണ്. അച്ഛന്‍ സമാധിയായത് തന്നെയാണെന്നും സദാനന്ദന്‍ പറഞ്ഞു.