മഴക്കെടുതിയിൽ തമിഴ്നാട്; സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്ടിലെ ജനങ്ങൾ. തീവ്രമഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും, പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത തുടർച്ചയായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി രേഖപ്പെടുത്തിയത്. ചെന്നൈ, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയല്ലൂര്‍, തഞ്ചാവൂര്‍ എന്നി ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഇന്ന് രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

© 2025 Live Kerala News. All Rights Reserved.