ബഹളത്തിനു ശേഷം സഭ വീണ്ടും ചേര്‍ന്നു; ഡിഎംകെ അംഗങ്ങളെ പുറത്താക്കി;സഭ മൂന്നുമണിവരെ നിർത്തിവച്ചു

ചെന്നൈ : വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഒരുമണി വരെ നിര്‍ത്തിവച്ച സമ്മേളനം വീണ്ടും പുനരാരംഭിച്ചു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധത്തിന് അയവില്ല.അതേസമയം സംഘര്‍ഷമുണ്ടാക്കിയ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കി. പുറത്തുപോകാന്‍ വിസമ്മതിച്ച എംഎല്‍എമാരെ ബലം പ്രയോഗിച്ച് പുറത്താക്കാനാണ് ശ്രമം. തന്റെ ഷര്‍ട്ട് വലിച്ചുകീറിയ ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിച്ചെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു.സംഘര്‍ഷത്തില്‍ സഭ മൂന്ന് മണിവരെ വീണ്ടും നിര്‍ത്തിവെച്ചു. രാവിലെ സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ മേശ തകര്‍ത്തു. മൈക്ക് വലിച്ചെറിഞ്ഞു. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.സംഘര്‍ഷത്തിനിടെ ഒരു വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

© 2025 Live Kerala News. All Rights Reserved.