ആരാധകരുടെ വോട്ട് മുഖ്യം; താരങ്ങളെ വിമർശിക്കരുതെന്ന് വിജയ്

ചെന്നൈ: സിനിമ രം​ഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന താരങ്ങൾ ഏറെയാണ് തമിഴ്നാട്ടിൽ. എന്നാൽ അവരിൽ ചിലർക്ക് രാഷ്ട്രീയത്തിൽ ശോഭിക്കുവാനായി സാധിച്ചില്ല. എന്നാൽ തമിഴക വെട്രി കഴകം (ടി.വി.കെ.) ത്തിലൂടെ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുകയാണ് വിജയ്. ഇപ്പോൾ ഇതാ സിനിമ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് വിജയ്. എന്നാൽ രജനി,അജിത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.

ചെന്നൈയിൽ നടന്ന ടി.വി.കെ. യോഗത്തിൽ വെച്ച് രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകൾ എടുത്ത് പറഞ്ഞു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികൾക്ക് വിജയ് നിർദ്ദേശം നൽകിയത്. രജനികാന്തിനും അജിത്തിനും തമിഴ്നാട്ടിൽ വലിയൊരു ആരാധക ശൃംഖലയാണ് ഉള്ളത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ചുവടുവെക്കുന്ന ടി.വി.കെയെ സംബന്ധിച്ചിടത്തോളം മറ്റു താരങ്ങളുടെ ആരാധകരുടെ വോട്ടുകൾ വളരെ പ്രധാനപ്പെട്ടതാണ്.

വിജയ് ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ രജനി,അജിത്ത് ആരാധകർ അവയെ പരാജയപ്പെടുത്തുവാനായി രംഗത്തെത്താറുണ്ട്. രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിരിച്ചും ഇതേ സംഭവം തന്നെയാണ് ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാൽ ഇതിന് ഒരു തടയിട്ടു കൊണ്ട് രജനികാന്തിന്റെയും അജിത്തിന്റെയും ഫാൻസിനെ ടി.വി.കെയോട് അടുപ്പിച്ചു നിർത്താനാണ് വിജയുടെ ശ്രമം.

വിജയുടെതായി അവസാനം പുറത്തിറങ്ങിയ ഗോട്ട് എന്ന സിനിമയിൽ അജിത്ത് ആരാധകരെ സന്തോഷിപ്പിക്കുന്ന രംഗം ഉണ്ടായതും അതുകൊണ്ട് തന്നെയാണെന്നാണ് പറയുന്നത്. രജനികാന്ത് ആശുപത്രിയിലായിരുന്ന വേളയിൽ ആരോഗ്യവിവരം തിരക്കി വിജയ് വിളിക്കുകയും ഉണ്ടായി. വിക്രവാണ്ടിയിൽ നടന്ന ടി.വി.കെ സമ്മേളനത്തിന് രജനി ആശംസകൾ നേരുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ടി.വി.കെയുടെ വിജയത്തിനായി മറ്റു താരങ്ങളുടെ ആരാധകരെ യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് വിജയുടെ ശ്രമം.

© 2025 Live Kerala News. All Rights Reserved.