സ്വർണം പണയം വെച്ചാണ് നവീൻ ബാബുവിന് കൈക്കൂലി നൽകിയതെന്ന് ടി.വി. പ്രശാന്തൻ

കണ്ണൂർ: മരിച്ച കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന് താൻ സ്വർണം പണയം വെച്ചാണ് കൈക്കൂലി നൽകിയതെന്ന് പെട്രോൾ പമ്പിന്‍റെ എൻ.ഒ.സിക്കായി അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ. ആറാം തിയതി നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എത്തി കണ്ടുവെന്നും അവിടെ നിന്നാണ് കൈക്കൂലി നൽകിയത് എന്നുമാണ് പ്രശാന്തൻ പൊലീസിന് മൊഴി നൽകിയത്.

അതേസമയം, കേസിൽ പി.പി. ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കുന്നത്. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം നവീന്‍ബാബു 98,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം.

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ നവീന്‍ബാബു ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിനെതിരെ പ്രശാന്തൻ കൈക്കൂലി ആരോപണമുന്നയിച്ചത്.

© 2025 Live Kerala News. All Rights Reserved.