പാറമേക്കാവ് അഗ്രശാലയിലെ തീപിടിത്തം: അരക്കോടി രൂപയുടെ നഷ്ടം, അട്ടിമറി സംശയിക്കുന്നതായി ദേവസ്വം

തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയായിരുന്നു സംഭവം. തീയും പുകയും കണ്ട് പരിഭ്രാന്തരായ നർത്തകരും കാണികളുമടക്കം ഹാളിൽ നിന്ന് പുറത്തേക്കോടി. ആർക്കും പരിക്കില്ല. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങൾക്ക് പിന്നാലെയാണ് ഹാളിന്റെ മുകൾനിലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്.

ഹാളിലെ കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറിൽ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.