നരേന്ദ്ര മോദി ഇന്ത്യയുടെ രണ്ടാമത്തെ വീട്ടിലേക്ക്: പ്രതീക്ഷയര്‍പ്പിച്ച് പ്രവാസികള്‍..

 

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര യുഎഇ സന്ദര്‍ശനം ഇന്നുമുതല്‍. ഇന്നു വൈകിട്ട് നാലുമണിയോടു കൂടി യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് അദ്ദേഹം വിമാനിമിറങ്ങും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്.

മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ രണ്ടാമത്തെ വീടെന്നാണ് യുഎഇയെ വിശേഷിപ്പിക്കുന്നത്. പക്ഷേ?,? 34 വര്‍ഷത്തെ ഇടവേള വേണ്ടി വന്നു രണ്ടാമതൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ വീട് സന്ദര്‍ശിക്കാന്‍. 1981ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി യുഎഇയിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. പ്രത്യേകിച്ച് മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവിതം തേടി ഇവിടെ അധിവസിക്കുമ്പോള്‍.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രണ്ടു തവണ യുഎഇ സന്ദര്‍ശിക്കാന്‍ തയാറെടുത്തിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ സന്ദര്‍ശനങ്ങള്‍ മാറ്റി വയ്ക്കുകയായിരുന്നു. രാഷ്ട്രപതിമാരായ എ.പി.ജെ.അബ്ദുല്‍ കലാം 2003ലും പ്രതിഭാ പാട്ടീല്‍ 2010ലും ഇവിടം സന്ദര്‍ശിച്ചു. 2010ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി അബുദാബി കിരീടാവകാശി യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണവുമുണ്ടാകും. അബുദാബിയിലെ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമായിരിക്കും ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് പ്രധാനമന്ത്രി ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കുക.

തിങ്കളാഴ്ച ദുബായില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം ആയി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, വാണിജ്യ, പ്രതിരോധ സഹകരണം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ഈ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് നിക്ഷേപമാകര്‍ഷിക്കാന്‍ യുഎഇയിലെ പ്രമുഖ വ്യവസായികളെയും മോദി കാണും. എല്ലാ അര്‍ഥത്തിലും ഇന്ത്യ യഎഇ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കും ഈ സന്ദര്‍ശനമെന്നാണ് പ്രതീക്ഷ.

© 2025 Live Kerala News. All Rights Reserved.