ഇസ്രയേലിൽ പ്രക്ഷോഭം: നെതന്യാഹുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജനം

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രയേലില്‍ നടക്കുന്ന പ്രക്ഷോഭം മൂന്നാം ദിവസിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ ബീജിന്‍ സ്ട്രീറ്റിലെ ഇസ്രയേല്‍ പ്രതിരോധ സേന(ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്) യുടെ സൈനിക ആസ്ഥാനത്ത് ഗതാഗതം തടഞ്ഞ് പ്രതിഷേധിക്കുകയും തെരുവുകള്‍ ഉപരോധിക്കുകയും ചെയ്തു.

പ്രതിഷേധത്തില്‍ പങ്കെടുത്ത മരിച്ച ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ഭരണം നടത്താന്‍ നെതന്യാഹു അര്‍ഹനല്ലെന്നും വിമര്‍ശിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നെതന്യാഹു കരുതുന്നത് ഇസ്രയേലിലെ ജനങ്ങള്‍ എല്ലാവരും മണ്ടന്‍മാര്‍ ആണെന്നാണ്. ഹിസ്ബുള്ള, ഇറാന്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നിവ ഉള്‍പ്പെടുന്ന അച്ചുതണ്ട് ആണ് ഏറ്റവും അപകടകരമെന്ന് നാം കരുതും. എന്നാല്‍ രാഷ്ട്രത്തിന് ഏറ്റവും അപകടകരം ബെന്‍ഗ്വിര്‍(ദേശീയ സുരക്ഷ മന്ത്രി)-സ്‌മോട്രിച്ച്(ഇസ്രഈല്‍ ധനകാര്യമന്ത്രി) എന്നിവരുടെ സഖ്യമാണ്.

എന്നാല്‍ ഈ രണ്ട് വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്ത നെതന്യാഹു എങ്ങനെയാണ് 14 കിലോമീറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്,’ കൊല്ലപ്പെട്ട ബന്ദികളിലൊരാളായ ലിരി അബാഗിന്റെ പിതാവായ എലി അബാഗ് രോഷത്തോടെ ചോദിച്ചു. കൊല്ലപ്പെട്ട മകന് വേണ്ടി വിളക്കുകള്‍ തെളിയിച്ച് പ്രാര്‍ത്ഥിക്കാന്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടാണ് അദ്ദേഹം വേദി വിട്ടത്.

© 2025 Live Kerala News. All Rights Reserved.