തിരുവനന്തപുരം: അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിമി റോസ് ബെൽ ജോൺ. സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ മുൻനിർത്തി കോൺഗ്രസ് സിമി റോസിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിമിയുടെ പരാമർശം.
‘കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഒരാളെയാണ് പാർട്ടി പുറത്താക്കിയത്. നടപടിക്ക് അനുകൂലമായ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പാർട്ടി പുറത്തുവിടണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീകളെ പാർട്ടി പുറത്താക്കി. ഞാൻ ചെയ്ത തെറ്റ് എന്താണ്. സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പുറത്ത് വിടണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരിക്കലും വന്ന വഴി മറക്കരുത്. പാർട്ടിയിലെ എല്ലാ വനിതാ നേതാക്കളെയും കുറിച്ച് പറഞ്ഞിട്ടില്ല. രണ്ട് പേരുടെ കാര്യം മാത്രമാണ് പറഞ്ഞത്. പാർട്ടി വിട്ട് പോകാനാണെങ്കിൽ നേരത്തെ പോകാമായിരുന്നു’; എന്നും സിമി റോസ് പറഞ്ഞു.
സിമി റോസ് ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി എം ലിജു അറിയിക്കുകയായിരുന്നു.
നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നുമായിരുന്നു സിമി റോസിന്റെ പരാമർശം. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിമി പറഞ്ഞിരുന്നു. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ കൂട്ടിച്ചേർത്തു. ജെബി മേത്തർ എംപിയുടെ പേരെടുത്ത് പറഞ്ഞും സിമി റോസ് ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നായിരുന്നു ആരോപണം.