ടെല്‍ അവീവ്: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിവളപ്പില്‍ ജൂതപ്പള്ളി പണിയുമെന്ന വിവാദ പ്രസ്താവനയുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രംഗത്ത്. അല്‍-അഖ്‌സ പള്ളിയും പലസ്തീന്‍ ദേശീയ ചിഹ്നവും ഭീഷണിയുടെ വക്കിലാണെന്ന ആരോപണത്തെ ശെരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓട്‌സ യഹൂദിന്റെ നേതാവായ ബെന്‍ ഗ്വിര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ ജൂതപ്പള്ളി നിര്‍മ്മിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്‍കിയ ബെന്‍ ഗ്വിര്‍ എനിക്ക് സാധിക്കുമെങ്കില്‍ അവിടെ ഇസ്രയേലി ഫ്‌ളാഗ് സ്ഥാപിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘അറബികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തൊക്കെ പ്രാര്‍ത്ഥന നടത്താം, അതുകൊണ്ട് തന്നെ ജൂതന്‍മാര്‍ക്കും അവര്‍ക്ക് താത്പര്യമുള്ളിടത്തൊക്കെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. നിലവിലെ പോളിസികള്‍ പ്രകാരം ജൂതന്‍മാര്‍ക്ക് അല്‍ അഖ്‌സയില്‍ പ്രാർത്ഥന നടത്താന്‍ അനുവാദമുണ്ട്,’ ബെന്‍ ഗ്വിര്‍ പറഞ്ഞു.