പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധം: അന്താരാഷ്ട്ര നീതി ന്യായ കോടതി

ഹേഗ്: പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി അഭിപ്രായം പറയുന്നത് ഇതാദ്യമാണ്. യുഎന്‍ പൊതുസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്.

15 ജഡ്ജിമാരുടെ സംഘമാണ് വിഷയം പരിഗണിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. ഇസ്രയേലിന്റെ നയങ്ങള്‍ പലസ്തീന്‍ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ആസൂത്രിതമായി പലസ്തീനികള്‍ക്കെതിരെ വിവേചനം കാണിക്കുന്നതായും അന്താരാഷ്ട്ര നീതി ന്യായ കോടതി കണ്ടെത്തി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണം. 1967 മുതല്‍ പാലസ്തീനിലെ ഇസ്രയേല്‍ നിയന്ത്രിത മേഖലയിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ പ്രതികരണം.

15 അംഗ പാനലിന്റേതാണ് നിരീക്ഷണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തിയതെന്നും കോടതി വ്യക്തമാക്കി. അധിനിവേശ പലസ്തീന്‍ മേഖലയില്‍ ഉള്‍പ്പെടെ ഇസ്രായേലിന്റെ നയങ്ങളും രീതികളും പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിന് തടസം സൃഷ്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. നാലാം ജനീവ കണ്‍വെന്‍ഷന്റെ വ്യക്തമായ ലംഘനമാണ് ഇസ്രയേലിന്റെ സെറ്റില്‍മെന്റ് പോളിസികളെന്നും അന്താരാഷ്ട്ര കോടതി വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.