ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം; 400 ഓളം പേരെ അറസ്റ്റുചെയ്തു

ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് 400 ഓളം പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് ക്യാമ്പസുകളിലും നടന്ന പലസ്തീന്‍ അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസിന്റെ നടപടി. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.

ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി. നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു.

പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളേജിൽ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്‍ത്ഥികളെന്നത് വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.