ദുരന്ത നിവാരണത്തിന് മറവിൽ കരിമണൽ ഖനനം: മുഖ്യമന്ത്രിക്കെതിരെ ഷോൺ ജോർജ് ഹൈക്കോടതിയിൽ

കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ദുരന്ത നിവാരണത്തിന്റെ മറവിൽ തോട്ടപ്പള്ളിയിലും തീരദേശത്തും നടത്തുന്നത് അനധികൃത ഖനനമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഖനനം സംബന്ധിച്ച് സിബിഐ,എൻഐഎ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആറ്റോമിക് മിനറൽസ് കടത്തുകയാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ഈ മണൽ കടത്തുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് തുടരുകയാണെന്നും ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു.

കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് കാലാകാലങ്ങളിൽ ഈ കൊള്ള നടക്കുന്നത്. ഈ വർഷം പൊഴിമുഖം തുറക്കുന്നതിന് മാത്രം സംസ്ഥാന സർക്കാർ 24 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും മണൽ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് ടെണ്ടർ വിളിച്ചത്.

© 2025 Live Kerala News. All Rights Reserved.