സോഫിയ: വിദ്യാലയങ്ങളിലും കിന്റർഗാർഡനുകളിലും എൽ.ജി.ബി.ടി. ക്യു. ഐ പ്രചരണം നിരോധിക്കുന്ന ദേശീയ വിദ്യാഭ്യാസ നിയമ ഭേദഗതിക്ക് അംഗീകാരം നൽകി ബൾഗേറിയ. പാർലമെന്റിലെ ഭൂരിഭാഗം നിയമസഭാ അംഗങ്ങളും പിന്തുണച്ച ഈ നിയമത്തിനെതിരെ ബൾഗേറിയയിലെയും യൂറോപ്യൻ യുണിയനിലെയും എൽ.ജി.ബി.ടി.ക്യു.ഐ അഭിഭാഷക സംഘടന രംഗത്തെത്തി. നാല് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയതെന്ന് ബൾഗേറിയയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 135 പാർലമെന്റ് അംഗമാണ് നിയമനിർമാണത്തെ അംഗീകരിച്ചപ്പോൾ 57 പേര് എതിർക്കുകയും എട്ട് പേര് വിട്ട് നിൽക്കുകയും ചെയ്തു.
മധ്യ -വലത് ജി.ഇ.ആർ.ബി- എസ്.ഡി.എസ് പാർട്ടി, ഇടതുപക്ഷ ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടി മധ്യപക്ഷ ഡി.പി.എസ് ഉൾപ്പടെയുള്ള നിയമസഭയിലെ മിക്ക പാർട്ടികളും നാഷണലിസ്റ്റ് റിവൈവൽ പാർട്ടി അവതരിപ്പിച്ച ഭേദഗതി അംഗീകരിച്ചു. ലിബറൽ പി.പി-ഡി.ബി മാത്രമാണ് നിയമനിർമാണത്തെ എതിർത്ത് വോട്ട് ചെയ്തത്.എൽ.ജി.ബി.ടി.ക്യു.ഐ , ലിംഗമാറ്റം, ഹെട്രോസെക്ഷ്വൽ തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ ഒന്നും തന്നെ വിദ്യാലയങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ലെന്ന് ഭേദഗതി അനുശാസിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എൽ.ജി.ബി.ടി.ക്യു.ഐ പ്രത്യയശാസ്ത്രം മനുഷ്യത്വപരമല്ലെന്ന് റിവൈവൽ പാർട്ടി നേതാവ് കോസ്റ്റഡിൻ കോസ്റ്റഡിനോവ് നിയമനിർമാണത്തിന് ശേഷം പ്രതികരിച്ചു.‘എൽ.ജി.ബി.ടി.ക്യു.ഐ പ്രത്യയശാസ്ത്രം മനുഷ്യത്വ രഹിതമാണ്. വിദ്യാലയങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതോ പ്രചരിപ്പിക്കുയോ ചെയ്യേണ്ട ആവശ്യകതയില്ല. ഇത്തരം വിഷയങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മനുഷ്യത്വരഹിതമാണ്,’ അദ്ദേഹം പറഞ്ഞു. ബില്ലിന് അസഹിഷ്ണുതയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.പി.എസ് നേതാവ് ഇ.പി യോർദാൻ അവകാശപ്പെട്ടു. ‘സ്കൂളുകളിൽ അത്തരം വിദ്യാഭ്യാസത്തിന് ഇടമില്ല . ഈ ബില്ലിന് അസഹിഷ്ണുതയുമായി ഒരു ബന്ധവുമില്ല,’ അദ്ദേഹം പറഞ്ഞു.