ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ തീരുമാനം. ശുചീകരണത്തിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും.പൊതുനിരത്തും ജലാശയങ്ങളിലും മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടി കടുത്ത നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം റെയിൽവേയും, ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം വകുപ്പും, നഗരസഭയ്‌ക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും.
ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം തള്ളുന്നതു തടയാന്‍ ഇരുവശങ്ങളിലുമായി 2000 മീറ്റര്‍ നീളത്തില്‍ കമ്പിവല സ്ഥാപിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ 40 എ.ഐ. ക്യാമറ സ്ഥാപിക്കും. ക്യാമറകള്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. വാഹനങ്ങളിൽ എത്തി കവറുകളിലും ചാക്കുകളിലുമായി മാലിന്യങ്ങൾ തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും നിർദേശമുണ്ട്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം, വീടുകളിലെ മലിനജലം തോട്ടിലേക്കൊഴുക്കിയാലും ശിക്ഷിക്കപ്പെടും.