ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് നാല് പേർ

തെഹ്റാൻ: ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇബ്രാഹിം റെയ്‌സിക്ക് പകരക്കാരനാവാൻ നാല് പേരാണ് മത്സരരംഗത്തുള്ളത്. വൈസ് പ്രസിഡൻറുൾപ്പടെ രണ്ട് സ്ഥാനാർഥികൾ മത്സരരംഗത്ത് നിന്ന് പിൻമാറി. അസർബൈജാനിൽ നിന്നുള്ള മടക്കയാത്രക്കിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡൻറ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടത്. 80 പേർ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ നിന്ന് ആറ് പേരെ ഗാർഡിയൻ കൗൺസിൽ തെരഞ്ഞെടുത്തിരുന്നു.

പാർലമെൻററി സ്പീക്കറും തെഹ്റാൻ മുൻ മേയറും റെവല്യൂഷണറി ഗാർഡ് കമാൻഡറുമായിരുന്ന മുഹമ്മദ് ബഗർ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷാ കൗൺസിൽ അംഗവുമായിരുന്ന സഈദ് ജലീലി എന്നിവരാണ് മത്സരരംഗത്തെ പ്രധാനികൾ. പാർലമെൻറ് അംഗവും പുരോഗമനവാദിയും മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാൻ, മുൻ ആഭ്യന്തര, നീതിന്യായ മന്ത്രി മുസ്തഫ പൗർമുഹമ്മദി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

വൈസ് പ്രസിഡൻറ് അമീർ ഹുസൈൻ ഗാസിസാദെ ഹാഷമി നേരത്തെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയിരുന്നു. വിപ്ലവത്തിൻറെ മുന്നണിയെ ശക്തിപ്പെടുത്താനാണ് പിൻമാറ്റമെന്നും മറ്റുള്ളവരും പിൻമാറണമെന്നും ഹാഷെമി ആവശ്യപ്പെട്ടു. ഇന്നലെ തെഹ്രാൻ മേയർ അലിറിസ സകാനിയും സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.