അടല്‍ സേതുവില്‍ വിള്ളല്‍ സംഭവിച്ചുവെന്നത് കുപ്രചരണം, പുറത്ത് വന്ന ചിത്രം അപ്രോച്ച്‌ റോഡിന്റേത്: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : അടല്‍ സേതുവില്‍ വിള്ളല്‍ സംഭവിച്ചുവെന്ന തരത്തില്‍ പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്ന് മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പാലത്തിന് യാതൊരു വിധത്തിലുമുള്ള അപകടമില്ലെന്നും, ദീർഘനാളുകളായി തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് നുണകള്‍ പ്രചരിപ്പിക്കുന്നതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ ആണ് പാലത്തില്‍ വിള്ളലുകളുണ്ടെന്നും, ഇത് അഴിമതിയുടെ ഭാഗമാണെന്നും ആരോപിച്ച്‌ രംഗത്തെത്തിയത്. പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയത്.

‘അടല്‍ സേതുവില്‍ ഒരിടത്തും വിള്ളലുകള്‍ സംഭവിച്ചിട്ടില്ല. നിലവില്‍ പുറത്ത് വന്ന ചിത്രം അപ്രോച്ച്‌ റോഡിന്റേതാണ്. നുണകള്‍ കൊണ്ട് വിള്ളലുകളുണ്ടാക്കാൻ കോണ്‍ഗ്രസ് ഏറെ നാളായി പദ്ധതി ഇടുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനാ ഭേദഗതി, ഫോണിലൂടെ വോട്ടിംഗ് മെഷീനുകള്‍ തുറക്കല്‍ തുടങ്ങിയ നുണകളാണ് അവർ പ്രചരിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ ജനങ്ങള്‍ തന്നെ ചെറുക്കും- ഫഡ്‌നാവിസ് പ്രതികരിച്ചു.

© 2025 Live Kerala News. All Rights Reserved.