പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി; മന്ത്രിമാരുടെ യോഗം വിളിച്ചു

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധിച്ചു. സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്ന് സ്പീക്കര്‍ ഓംബിര്‍ല പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ വിശദീകരണം.

മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മന്ത്രിമാരായ അനുരാഗ് താക്കൂര്‍ , പീയുഷ് ഗോയല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. മുദ്രാവാക്യം വിളിച്ച് അംഗങ്ങള്‍ പ്രതിഷേധിച്ചു. സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. സുരക്ഷാ വീഴ്ച ദൗര്‍ഭാഗ്യകരമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ് നാഥ് സിങ് വിശദീകരിച്ചു.

© 2025 Live Kerala News. All Rights Reserved.