അരികൊമ്പന്റെ പേരില്‍ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച്‌ പണപ്പിരിവ്; പിരിച്ചത് 8 ലക്ഷത്തോളം; അന്വേഷണം

തിരുവനന്തപുരം: അരിക്കൊമ്ബന്റെ പേരില്‍ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച്‌ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കാടുമാറ്റിയ അരിക്കൊമ്ബനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും, കാട്ടാനയ്ക്ക് അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്.

എറണാകുളം സ്വദേശികളായ ഏതാനും പേര്‍ ചേര്‍ന്ന് ഏപ്രില്‍ 30ന് രൂപീകരിച്ച ‘എന്നും അരിക്കൊമ്ബനൊപ്പം’ എന്ന വാട്സാപ്പ് കൂട്ടായ്മ വഴിയാണ് പിരിവ് നടന്നിട്ടുള്ളത്. പ്രവാസികളില്‍ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നും പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും വാട്സാപ്പിലുമായി നൂറിലധികം പേജുകളും ഗ്രൂപ്പുകളുമാണ് അരിക്കൊമ്ബന്റെ പേരിലുള്ളത്.

ഒരു സിനിമാതാരത്തിന്റെ സഹോദരി ആണെന്ന് പരിചയപ്പെടുത്തിയ പെണ്‍കുട്ടി തന്റെ ഭര്‍ത്താവ് എൻആര്‍ഐ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ അന്വേഷണം ഉണ്ടാവില്ലെന്ന് വാട്സാപ്പ് ഗ്രൂപ്പുകളില്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, തങ്ങള്‍ക്കു നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച്‌ ‘എന്നും അരിക്കൊമ്ബനൊപ്പം’ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.