റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി, അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനം വകുപ്പ്

ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനമായി വനംവകുപ്പിന് സിഗ്നൽ ലഭിച്ചത്. അരിക്കൊമ്പൻ ചോലവനത്തിൽ ആയതിനാലാകാം സിഗ്നലുകൾ ലഭ്യമാകാത്തതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. തമിഴ്നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അവസാനമായി അരിക്കൊമ്പന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.

പെരിയാർ ടൈഗർ റിസർവ് മേഖലയിലേക്ക് തുറന്നുവിട്ടതിനുശേഷം അരിക്കൊമ്പൻ ഏകദേശം 12 കിലോമീറ്റർ വരെ സഞ്ചരിച്ചിട്ടുണ്ട്. അതേസമയം, അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാൽ മേഖലയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഹൈക്കോടതി വിദഗ്ധ സമിതി അംഗം വ്യക്തമാക്കി. റേഡിയോ കോളറിൽ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനോട് വനംവകുപ്പ് ഉടൻ ആവശ്യപ്പെടുന്നതാണ്. ഈ സംഘടനയാണ് അരിക്കൊമ്പന് ഘടിപ്പിക്കാനുള്ള റേഡിയോ കോളർ വനംവകുപ്പിന് കൈമാറിയത്. റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി 10 വർഷം വരെയാണ്.

© 2025 Live Kerala News. All Rights Reserved.