ആർആർആറിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിൽ എത്തുന്നത്. എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.

90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ക്രിമിനൽ, ജിസം, സായ, സുർ, മഗധീര, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. നോവൂറൂന്ന സൂര്യമാനസവും കോട മഞ്ഞിനൊപ്പം നീലഗിരിക്കുന്നിൽ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആർ റഹ്മാന് ശേഷം ഗോൾഡൺ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

© 2025 Live Kerala News. All Rights Reserved.