കൊച്ചി: അവയവദാനത്തിന്റെ മഹത്വവുമായി കേരളത്തിന് പുറത്തേക്ക് ഹൃദയദാനം. മസ്തിഷ്ക്കമരണം സംഭവിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് കൊണ്ടുപോകും. ആദ്യമായാണ് അവയവമാറ്റത്തിനായി കേരളത്തിന് പുറത്തേക്ക് ഹൃദയം കൊണ്ടുപോകുന്നത്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍നിന്നും ചെന്നൈ ഫോര്‍ട്ടീസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ഫോര്‍ട്ടീസ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി. എട്ടരയോടെ ശസ്ത്രക്രിയ തുടങ്ങി.
ഫോര്‍ട്ടീസ് ആശുപത്രിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് അവയവങ്ങള്‍ കൊണ്ടുപോകുക. മരണാനന്തരം അവയവദാനത്തിനും അവ ശേഖരിക്കുന്നതിനുമായുള്ള സംവിധാനമായ മൃതസഞ്ജീവനിയാണ് ഈ അവയവദാനത്തിന് പിന്നിലും. അവയവങ്ങള്‍ ആവശ്യമുള്ള രോഗികളുടെ വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതും യോജിച്ച അവയവങ്ങള്‍ ലഭിക്കുമ്പോള്‍ അവ എത്തിച്ചുനല്‍കുവാനുമുള്ള സംവിധാനമാണ് മൃതസഞ്ജീവനി. കഴിഞ്ഞ മാസമാണ് കേരളത്തില്‍ ആദ്യമായി ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. തിരുവനന്തപുരത്ത്നിന്ന് കൊച്ചി ലിസി ആശുപത്രിലേക്കാണ് ഹൃദയം കൊണ്ടുവന്നത്
Courtesy: www.deshabhimani.com