ന്യൂഡൽഹി: ഈ മാസം ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി പ്രമുഖ തിയേറ്റർ ശൃഖലയായ ഐനോക്‌സ് (INOX Leisure Ltd). ഇതുമായി ബന്ധപ്പെട്ട് ഐസിസിയുമായി കരാർ ഒപ്പിട്ടതായി ഐനോക്‌സ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഒക്ടോബർ 23 ന് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ, ടീം ഇന്ത്യ കളിക്കുന്ന എല്ലാ ഗ്രൂപ്പ് മത്സരങ്ങളും INOX പ്രദർശിപ്പിക്കും. ‘തിയേറ്ററിൽ ക്രിക്കറ്റ് പ്രദർശിപ്പിക്കുന്നതിലൂടെ ഭീമാകാരമായ സ്‌ക്രീൻ അനുഭവത്തിന്‍റെയും ഇടിമുഴക്കമുള്ള ശബ്‌ദത്തിന്‍റെയും ആവേശം ഞങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്ക് കൊണ്ടുവരുന്നു. ലോകകപ്പിന്‍റെ ആവേശവും വികാരവും ഞങ്ങൾ ഇതിലൂടെ പകർന്ന് നൽകും. അത് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വെർച്വല്‍ ട്രീറ്റായി മാറും’, ഐനോക്‌സ് ലെഷർ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് വിശാൽ പറഞ്ഞു.