സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ദേശീയ കലോത്സവം:സ്മൃതി ഇറാനി

 

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഡല്‍ഹിയില്‍ ഡിസംബറില്‍ ദേശീയ കലോത്സവം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു . ബി.ജെ.പിയുടെ രക്ഷാബന്ധന്‍ മഹോത്സവവും വനിതകള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പാലക്കാട് ഐ.ഐ.ടി അനുവദിക്കാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ ആദ്യ ബഡ്ജറ്റില്‍ തന്നെ പ്രഖ്യാപിച്ചു. കേരളത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി ) നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അറുപത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് നല്‍കാത്ത സഹായമാണ് കേരളത്തിന് ഒന്നരവര്‍ഷത്തെ എന്‍.ഡി.എ ഭരണം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
രക്ഷാബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, 12 രൂപയുടെ ഇന്‍ഷ്വറന്‍സ് തുടങ്ങിയ പദ്ധതികളില്‍ വേദിയില്‍ വച്ച് തന്നെ സ്ത്രീകളെ അംഗങ്ങളായി ചേര്‍ത്തു.
വേദിയിലെത്തിയ മന്ത്രിയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഓണവില്ലും ഓണക്കോടിയും നല്‍കി സ്വീകരിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വി. മുരളീധരന്‍ അദ്ധ്യക്ഷനായിരുന്നു. പി.കെ. കൃഷ്ണദാസ്, ജോര്‍ജ് കുര്യന്‍, രാധാമണി, സി. ശിവന്‍കുട്ടി, ജെ.ആര്‍. പത്മകുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, വി.വി. രാജേഷ്, പ്രീതാ ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, നടന്‍ കൊല്ലം തുളസി തുടങ്ങിയവര്‍ സംസാരിച്ചു.

© 2025 Live Kerala News. All Rights Reserved.