കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭ സുരേന്ദ്രൻ. തന്നോട് മത്സരിക്കണമെന്ന് ഒട്ടേറെ പേർ ആവശ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ മത്സരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മത്സരിക്കാനായേക്കും എന്നാണ് സൂചന.

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഏറ്റവും കൂടുതൽ ചർച്ചയാവുന്ന മണ്ഡലം കൂടിയായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ ഈ മത്സരം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ പറഞ്ഞു.

രണ്ടാംഘട്ടത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ താൻ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ പ്രവർത്തന രംഗത്ത് സജീവമായിരിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരുപാട് പേർ തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രൻ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാൻ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കിയ പേരാണ് ശോഭാ സുരേന്ദ്രന്റേത്. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് വിട്ടുവരുന്ന നേതാവിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. കഴക്കൂട്ടം അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.