ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് സമനില ; ബെല്‍ജിയത്തെ സമനിലയില്‍ തളച്ചത് രണ്ടുഗോളിന്

ഭുവനേശ്വര്‍ : പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തെ രണ്ട് ഗോളിന് തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

കളിയുടെ എട്ടാം മിനിറ്റില്‍ ഹെഡ്രിക്സ് നേടിയ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. 39-ാം മിനിറ്റില്‍ ഹര്‍മ്മന്‍പ്രീതിലൂടെ ഇന്ത്യ ഒപ്പമെത്തി. അധികം താമസിക്കാതെ 47-ാം മിനിറ്റില്‍ സിമ്രന്‍ജീത് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 56-ാം മിനിറ്റില്‍ ഗൗഗ്നാര്‍ഡിലൂടെ ബെല്‍ജിയം സമനില ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവശേഷിച്ച സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ ആയില്ല.

ഇതോടെ ഇന്ത്യയുടെ ക്വര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.

സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് സിയില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചത്. കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

© 2025 Live Kerala News. All Rights Reserved.