പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു ഡിസംബര്‍ 11 ന് തുടക്കമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു ഡിസംബര്‍ 11 ന് തുടക്കമാകും. 11 ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനം ജനുവരി എട്ടിന് അവസാനിക്കും. മന്ത്രിസഭയുടെ പാര്‍ലമെന്ററി കാര്യ സമിതി ചൊവ്വാഴ്ച രാത്രിയിലാണ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 11 നും ജനുവരി എട്ടിനും ഇടയില്‍ നടത്താന്‍ ശിപാര്‍ശ നല്‍കിയത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൂര്‍ണതോതിലുള്ള അവസാന സമ്മേളനമായിരിക്കും ഇക്കുറി നടക്കുക. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടുത്തവര്‍ഷം സമ്ബൂര്‍ണ ബജറ്റ് സമ്മേളനം ഉണ്ടാവില്ല. വോട്ട് ഓണ്‍ അക്കൗണ്ടും ഇടക്കാല ബജറ്റും മാത്രമേ ഉണ്ടാവൂ. ആ നിലയ്ക്ക് പതിനാറാം ലോക്സഭയുടെ പൂര്‍ണതോതിലുള്ള അവസാന സമ്മേളനമായിരിക്കും ഇത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സാധാരണ നവംബര്‍ ഒടുവില്‍ തുടങ്ങാറുള്ള ശൈത്യകാല സമ്മേളനം വൈകിച്ചത്. നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും തെരഞ്ഞെടുപ്പു പ്രചാരണത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടിയാണിത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. നവംബര്‍ 12 ന് ആരംഭിച്ച വോട്ടെടുപ്പ് ഡിസംബര്‍ ഏഴിന് വെള്ളിയാഴ്ചയാണ് അവസാനിക്കുക. എല്ലായിടങ്ങളിലും 11-ന് വോട്ടെണ്ണും.

© 2025 Live Kerala News. All Rights Reserved.